ലോകാ സമസ്താ സുഖിനോ ഭവന്തു...!.

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്മ്മ

സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!


ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഇല്ലാത്ത
യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം...!

Thursday, April 18, 2013

ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ?


സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്.
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
"ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?"
സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു.
"സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?"
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു,
"എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?"
"അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി."
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്.
ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ.
അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.

Saturday, April 13, 2013

ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,


ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,!


ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും; തേച്ചു മിനുക്കിയ ഓട്ടു വിളക്കിന്റെ തിളക്കവും, കൊന്നപ്പൂവിന്റെ സൗന്ദര്യവും, ഉണ്ണിക്കണ്ണന്റെ മുഖത്തിന്‌ തിളക്കം കൂട്ടുന്ന ദീപങ്ങളുടെ പ്രഭയും എന്നും നമ്മുടെ മനസ്സില്‍ നന്മയായ് നിറയട്ടെ...;












ഒപ്പം ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു...!

Friday, April 5, 2013

എവിടെ സ്വർഗം ? എവിടെ നരകം? എന്തിന് മതം? എന്തിന് വിശ്വാസം?

മനുഷ്യന്‍ അനാദികാലം മുതൽതന്നെ ജീവിതത്തെ പഠിച്ചു വരുന്നു. സുഖ-ദുഃഖങ്ങളെയും സന്ദോഷ-സന്ദാപങ്ങളെയും അവന്‍ വ്യക്തമായി അറിയുന്നു. സുഖത്തെ അവന്‍ ഇഷ്ടപ്പെടുകയും ദുഃഖത്തെ വെറുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കാലങ്ങളായി സുഖത്തെ പ്രാപിക്കാനും ദുഃഖത്തെ അകറ്റാനും അവന്‍ പരിശ്രമിച്ചു വരുന്നു.

ഈ പരിശ്രമത്തില്‍ സുഖം നൽകാം എന്നോ ദുഃഖം അകറ്റാം എന്നോ ആരെങ്കിലും പറഞ്ഞാലോ? അതും ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ ഒരുപാടുണ്ടാകും. ഇവിടെയാണ്‌ ബാഹ്യമായ സ്വർഗത്തിന്റെയും നരകതിന്റെയും സങ്കൽപം ആവിർഭവിക്കുന്നത്. ലോഭ മോഹങ്ങളാല്‍ കീഴ്പ്പെടുത്താന്‍ എളുപ്പം സാധിക്കുന്ന ജീവിയാണ് മനുഷ്യന്‍.... .അതും അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം നൽകിയാണെങ്കില്‍ കൂടുതല്‍ എളുപ്പമായി. സുഖ-സമൃദ്ധിയും ദുഃഖനാശവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സ്വർഗം എല്ലാവരും ആഗ്രഹിക്കുന്നു.

എന്നാല്‍ അവിടെ എല്ലാവരെയും പ്രവേശിപ്പിക്കുമോ? ഇല്ല താനും. അതിനു ചില കാര്യങ്ങള്‍ അനുസരിക്കണം. അതായത് ചിലരുടെ അടിമയാകണം. അത്ര തന്നെ. ഇതിനെയാണ് മതം എന്ന്‍ പറയുന്നത്. ഇത്തരം അടിമകള്‍ ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് മനുഷ്യന്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നരകത്തില്‍ ഫ്രൈ ചെയ്താലോ? വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ എവിടെയും കാണും. അതുകൊണ്ട് തന്നെ ഇതിനെ ഒന്ന്‍ എതിർത്ത് ചിന്തിക്കാന്‍ പോലും അത്തരത്തില്‍ ഉള്ളവര്‍ ഭയക്കുന്നു. നല്ല ഒത്ത അടിമ തന്നെയല്ലേ ഉണ്ടായിരിക്കുന്നത് ..!

ഇനി ദൈവത്തിന്റെ അടിമയായത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‍ പലരും പറയുന്നത് കേൾക്കാം ! അവരോട് ഒന്നേ പറയാനുള്ളൂ. സുഹൃത്തെ, ദൈവത്തിന്റെ അല്ല ദൈവത്തെ കാണിച്ചു തരാം എന്ന്‍ പറയുന്ന ഈ മതത്തിന്റെയും അതില്‍ ഉള്ള വിശ്വാസത്തിന്റെയും അടിമയാണ് നിങ്ങള്‍ - ചിന്തിക്കൂ!!

ഇനി അടിമയായാല്‍ എന്ത് ദോഷം എന്നും ചോദിക്കുന്നവര്‍ ഉണ്ട്. ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്ന്‍ തന്നെ ദോഷം. ബുദ്ധിപരമായും മാനസികമായും യുക്തിപരമായും ഉള്ള വളർച്ചയെ അത് തടുക്കുന്നു. ഉദാഹരണത്തിന് ഒരു മനോരോഗി താന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആർക്കും സാധ്യമല്ല. കാരണം അത് അയാളുടെ വിശ്വാസമാണ്. പക്ഷെ സത്യമല്ല. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഈ വിശ്വാസം കൊണ്ടാണ് അയാളെ മനോരോഗി എന്ന്‍ പറയുന്നത്. ഇതുകൊണ്ടാണ് വിശ്വാസത്തില്‍ മാത്രം അധിഷ്ടിതമായ മതങ്ങളെ മാനോരോഗ കേന്ദ്രങ്ങള്‍ എന്ന്‍ പറയുന്നത്.

വിശ്വാസി ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്‌ - "അയ്യോ, അത് തെറ്റാണ്. മനുഷ്യന് ദൈവത്തെ അറിയാന്‍ സാധിക്കില്ല. ദൈവത്തെ സ്വര്‍ഗത്തില്‍ മാത്രമേ അറിയാനാകൂ."

അവരോട് പറയാനുള്ളത് ഇതാണ് - സുഹൃത്തെ, ഇത് നിങ്ങളെ മതം പഠിപ്പിച്ച് വച്ചിരിക്കുന്നതാണ്. നിങ്ങൾക്ക് ഒന്നും കഴിയില്ല എന്ന്‍ ധരിപ്പിച്ചില്ലെങ്കില്‍ അവർക്ക് പിടിച്ച് നില്ക്കാന്‍ സാധിക്കില്ല. നിങ്ങളെ അടിമയാക്കാന്‍ സാധിക്കില്ല. ചിന്തിക്കുക! ഒരിക്കലെങ്കിലും സത്യത്തെ അറിയാന്‍ ആഗ്രഹിക്കുക, പ്രയത്നിക്കുക, എന്നിട്ട് തീരുമാനിക്കുക.
അപ്പോള്‍ വിശ്വാസം അല്ലാതെ ദൈവത്തെ അറിയാന്‍ മാർഗമൊന്നും ഇല്ലല്ലോ; എല്ലാ സംസ്കാരങ്ങളും വിശ്വാസത്തില്‍ അധിഷ്ടിതമല്ലെ എന്നാണെങ്കില്‍,..... അല്ല! പ്രപഞ്ചത്തിന്റെ പാരസ്പര്യത്തില്‍ ഉള്ള അറിവില്‍ അധിഷ്ടിതമാണ് സനാതന ധർമ്മം. ഈ വായിക്കുന്നത് മലയാളം ആണ് എന്ന്‍ ഞാന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. ഞാന്‍ മനുഷ്യനാണ് എന്ന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. അറിവിന്റെ മാർഗത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യം അറിവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. അതിന് മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ഒരു വിശ്വാസി ഇനി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമായിരിക്കും ഇത് - "ഈ ലോകം സുഖം-ദുഃഖം, സന്ദോഷം-സന്താപം, ജനനം-മരണം, പുണ്യം-പാപം എന്നിങ്ങനെ ഒട്ടനവടി വൈരുദ്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇതിന് അനന്തമായ ഒരു സ്വർഗവും നരകവും ഇല്ലാതെ എങ്ങിനെ നീതി ഉണ്ടാകും? ദുഃഖം, സന്താപം, മരണം, പാപം എന്നിവയൊന്നും ഇല്ലാത്ത ഒരു സ്വർഗം അനിവാര്യമല്ലേ?"

ഉത്തരം ഇതാണ് - ഇവ വൈരുദ്യങ്ങള്‍ ആണെന്നുള്ളത് തന്നെ തെറ്റാണ്. ദ്വന്ദ്വങ്ങളായ ഇവ പരസ്പര വൈരുധ്യങ്ങളല്ല, പരസ്പരപൂരകങ്ങളാണ്. ഒന്നുള്ളത് കൊണ്ട് മാത്രമാണ് മറ്റേത് ഉള്ളത്, മറ്റേതിനെ നാം അറിയുന്നത്. ദുഃഖം ഉള്ളത് കൊണ്ടാണ് അതില്ലാത്ത അവസ്ഥയെ സുഖം എന്ന്‍ തിരിച്ചറിയുന്നത്. ഓരോ പർവതത്തിനും ഒരു താഴ്വരയുണ്ട്. പർവതം ഉള്ളത് കൊണ്ടാണ് മറ്റേതിനെ താഴ്വാരം എന്ന്‍ പറയുന്നത്. അത് താഴ്വാരം ആണെങ്കില്‍ പർവതം ഉണ്ട് എന്ന്‍ അർഥം. മാത്രമല്ല സുഖ ദുഃഖങ്ങള്‍ പോലുള്ള ദ്വന്ദ്വങ്ങള്‍ മാറിക്കൊണ്ടിരിക്കും, താത്കാലികമാണ്. അത് കൊണ്ട് തന്നെ അവ രണ്ടും അല്ല സത്യം. സുഖം അനുഭവിച്ചത് കൊണ്ട് അതിനെ ഇഷ്ടപ്പെടുകയും ദുഖത്തെ വെറുക്കുകയും ചെയ്യുന്ന മനുഷ്യന്റെ മനസ്സിനെ പറ്റി പറഞ്ഞല്ലോ; ഇതേ മനസ്സില്‍ നിന്നുമാണ് ബാഹ്യമായ സ്വർഗം എന്ന സങ്കല്പം വന്നത് എന്ന്‍ ഈ ചോദ്യത്തില്‍ നിന്ന്‍ തന്നെ വ്യക്തമല്ലേ. എന്ന്‍ വച്ചാല്‍ ദുഃഖം, സന്താപം, മരണം, പാപം ഇത്യാദി മാത്രമല്ല, സുഖം, സന്ദോഷം, ജനനം, പുണ്യം ഇത്യാദിയും ഇല്ലാത്ത പരിപൂര്ണ്ണ സ്വാതന്ത്ര്യമാണ്, അനന്തമായ ആനന്ദമാണ് ലക്ഷ്യം - അതാണ്‌ മോക്ഷം. പ്രപഞ്ചത്തിലെ ഈ ദ്വന്ദ്വങ്ങളില്‍ ഉള്ള മനുഷ്യന്റെ മോഹം ആണ് ഇതില്‍ നിന്നും അവനെ പിൻവലിക്കുന്നത്.

വിശ്വാസിക്ക് ഇനിയും സംശയം കാണാം - സ്വർഗത്തിലെ സുഖങ്ങൾക്ക് വേണ്ടിയല്ലെങ്കില്‍ മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം പിന്നെയെന്താണ്? എന്തിന് നാം ജനിക്കുന്നു, ജീവിക്കുന്നു!?

ഈ ചോദ്യം ചോദിക്കാന്‍ നിങ്ങൾക്ക് സാധിച്ചെങ്കില്‍ അത് ശുഭസൂചകമാണ്. കാരണം നിങ്ങളുടെ ചോദ്യങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ കണ്ടെത്തേണ്ട ഉത്തരമാണ് അതാണ്‌ പ്രഥമ ലക്ഷ്യവും. ആ അറിവ് നിങ്ങൾക്ക് ലഭിച്ചാല്‍, അല്ലെങ്കില്‍ ലഭിക്കണം എന്ന സത്യസന്ധമായ ആഗ്രഹമെങ്കിലും വന്നാല്‍ നിങ്ങള്‍ ധന്യരായെന്ന്‍ കരുതാം.

ചട്ടക്കൂടുകളും അതിരുകളും പോളിച്ചെറിഞ്ഞ് നമുക്ക് മുന്നേറാം - പരമ സത്യത്തിലേക്ക് - മോക്ഷത്തിലെക്ക്! വിശ്വാസത്തിലൂടെയല്ല, അറിവിലൂടെ.

അടിമത്തം പോലും ദൈവ ദാനമാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. അനന്ത സ്വാതന്ത്ര്യത്തിലേക്ക് ഉള്ള മനുഷ്യന്റെ യാത്രയെ ഒന്നു വഴി തിരിക്കാൻ/തെറ്റിക്കാൻ മതങ്ങള്ക്ക് സാധിക്കുമായിരിക്കാം. പക്ഷെ എക്കാലവും മനുഷ്യനെ ഒരു കിണറ്റിന്റെ ഇട്ടാവട്ടത്ത് തളച്ചിടാൻ അവർക്ക് സാധിക്കില്ല. കാരണം എത്ര വളഞ്ഞൊഴുകിയാലും പല പാതയിൽ പല ദൂരം സഞ്ചരിച്ചാലും നദിയുടെ ലക്‌ഷ്യം കടലാണെങ്കിൽ അത് എത്തിയിരിക്കും.
by..
Vishnu Prakash Nangath

ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം; ധര്‍മ്മയുദ്ധം...!


ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.


കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം



ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ബാഹുല്യം നിമിത്തം ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ ഇത്രയും അറിഞ്ഞാല്‍ തന്നെ ഒരു മഹാഭാരതയുദ്ധം നമുക്ക് നമ്മില്‍ ദര്‍ശിക്കുവാന്‍ കഴിയും. ആ യുദ്ധം ചെയ്യുവാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമാണെന്ന് ഭഗവദ് ഗീത പറയുന്നു. അദ്ധ്യായം 2-32. ഈ യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാണോ...?

എങ്കില്‍, ശ്രീമദ് ഭഗവദ് ഗീത ഓരോ ശ്ലോകങ്ങള്‍ ആയി "ഹൈന്ദവ ശാസ്ത്രം" എന്ന ഈ പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക. ഒപ്പം ഈ പോസ്റ്റ്‌ SHARE ചെയ്ത് ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹമുള്ള എല്ലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ജാതിയോ മതമോ ഇല്ല, ശ്രീമദ് ഭഗവദ് ഗീത സമ്പൂര്‍ണ്ണ മനുഷ്യ രാശിയുടെ നന്മക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സത്യന്വേഷിയായ ഓരോ മനുഷ്യനും സമ്പൂര്‍ണ്ണ മാര്‍ഗ്ഗ ദര്‍ശിയാണ് ശ്രീമദ് ഭഗവദ് ഗീത.


By
- Sudheesh NamaShivaya

ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================
ലോകാ സമസ്താ സുഖിനോ ഭവന്തു
=================================