ലോകാ സമസ്താ സുഖിനോ ഭവന്തു...!.

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്മ്മ

സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!


ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഇല്ലാത്ത
യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം...!

Sunday, March 31, 2013

സര്‍പ്പക്കാവ് എന്ന സങ്കല്പം

ഹൈന്ദവ ധര്‍മ്മത്തോളം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഈ ലോകത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായി കണ്ടു വരാറുള്ളതും, എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സര്‍പ്പക്കാവുകള്‍..,. നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും തന്നെ ദ്രോഹിക്കാതെ; അവര്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കികൊടുക്കുക എന്നത് ഒരു കര്‍ത്തവ്യമായി കണ്ടിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് സര്‍പ്പക്കാവ് എന്ന സങ്കല്പം. പേര് സര്‍പ്പക്കാവ് എന്നാണെങ്കിലും സര്‍പ്പങ്ങള്‍ മാത്രമല്ല; നാനാവിധ പക്ഷി മൃഗാദികള്‍ അവിടെ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയ്ക്ക്; ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ ആയിരിക്കും ഒരു യഥാര്‍ത്ഥ സര്‍പ്പക്കാവ്. വളരെ വലിയ ഒരു സര്‍പ്പക്കാവിനോട് ചേര്‍ന്ന് നിന്നിരുന്ന ഒരു ഗൃഹത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ സ്ഥിരമായി കാണുമായിരുന്ന, പേരുകള്‍ പോലും അറിയാത്ത ചില പ്രത്യേകയിനം മരങ്ങളും, ചെടികളും, പക്ഷികളും ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. ഉച്ചയൂണിന് സ്കൂള്‍ വിടുമ്പോള്‍ ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവ മത്സരിച്ചു പെറുക്കിഎടുക്കുന്നതിനായി വീട്ടുമുറ്റത്ത് എന്നും കുട്ടികളുടെ ബഹളമായിരിക്കും. വീടിന്റെ അകത്തും പുറത്തുമായി ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുള്ള സര്‍പ്പങ്ങള്‍ ആരെയും ഒരിക്കലും ഉപദ്രവിചിരുന്നില്ല എന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അകാരണമായി ആരെയും ഉപദ്രവിക്കാത്തതും; എന്നാല്‍ ഉപദ്രവിച്ചാല്‍ സ്വയരക്ഷയ്ക്കു വേണ്ടി വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാത്തതിനാല്‍ പ്രകൃതി നല്‍കിയ വിഷം ശത്രുനാശനത്തിനു വേണ്ടി ഉപയോഗിക്കുന്ന ജീവികള്‍ ആണ് സര്‍പ്പങ്ങള്‍..,. പക്ഷെ പുരാതന കാലം മുതലേ മനുഷ്യന്‍; തന്റെ ജീവന്‍ ഇല്ലാതാക്കുവാന്‍ മാത്രം ശക്തിയുള്ള സര്‍പ്പത്തെ തന്റെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്നു. പക്ഷെ എല്ലാ ജീവികളിലും ഈശ്വര ചൈതന്യം ദര്‍ശിച്ചിരുന്നതിനാല്‍; സര്‍പ്പത്തെ പോലും സ്നേഹിക്കുവാനും ആരാധിക്കുവാനും ആണ് സനാതന ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് വെറുക്കപ്പെടേണ്ടതായ ഒരു ജീവിയും ഈശ്വരന്റെ സൃഷ്ടിയില്‍ ഇല്ല. നമ്മെപ്പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഉള്ള അധികാരവും അവകാശവും എല്ലാ ജീവികള്‍ക്കും ഉണ്ടെന്ന് മാത്രമല്ല; എല്ലാ ജീവികളും പ്രകൃതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്ന ശാസ്ത്രീയ തത്വവും ഹൈന്ദവ ധര്‍മ്മം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് മനുഷ്യന്‍ മാത്രമല്ല; മറിച്ച് സര്‍വ്വ ചരാചരങ്ങളും ഇവിടെ ആവ്യശ്യമാണ് എന്ന് മനസ്സിലാക്കുവാന്‍ മാത്രം ബുദ്ധിയും അറിവും വിവേകവും ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.,. പക്ഷെ ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും, സെമിറ്റിക് മതങ്ങളും വളര്‍ന്നപ്പോള്‍ സാമാന്യ ബുദ്ധി എന്നത് മനുഷ്യന് നഷ്ടപ്പെട്ടു. അതിന്റെ ഫലമായി നമ്മുടെ പൂര്‍വ്വികര്‍ അവരുടെ നന്മയുടെ പ്രതീകമായി ഈ പ്രകൃതിയില്‍ അവശേഷിപ്പിച്ച സ്മാരകങ്ങളും വിവരമില്ലാത്ത മനുഷ്യര്‍ തച്ചു തകര്‍ക്കുന്നു; എന്നിട്ട് അതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കുന്നു; കൂടാതെ അടുത്ത തലമുറയെ കൂടി അവന്റെ പാപത്തിന്റെ ബലിയാടുകളാക്കുന്നു.
ഈ പ്രകൃതിയെ നശിപ്പിച്ചാല്‍; ആകാശത്തില്‍ കസേരയിട്ട് ഇരിക്കുന്ന ഒരു ദൈവം മനുഷ്യരെ രക്ഷിക്കാന്‍ ഭൂമിയില്‍ ഇറങ്ങി വരും എന്ന് ഒരിക്കലും ധരിക്കേണ്ടതില്ല. ആകാശത്ത് ദൈവം ഉണ്ട്; സ്വര്‍ഗ്ഗം ഉണ്ട്; നരകം ഉണ്ട് എന്ന് സ്വപ്നം കണ്ടു ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിച്ച മതങ്ങള്‍ ആണ് ഈ ലോകത്തിന്റെ നാശത്തിനു മൂല കാരണം എന്ന് നിസ്സംശയം പറയാം. കാരണം; ഈ ലോകത്തെ എങ്ങിനെ നശിപ്പിച്ചാലും സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് ദൈവം സ്വന്തം പേരില്‍ സ്ഥലം പതിച്ചു തരുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന മൂഡബുദ്ധികള്‍ ഈ പ്രകൃതിയെ ഇരിക്കുന്ന കൊമ്പു മുറിക്കും പോലെ നിര്‍ദ്ദയം നശിപ്പിക്കുന്നു...! കേവല ചിന്താശക്തിയും ബുദ്ധിയും ഇല്ലാത്ത സ്വര്‍ഗ്ഗ സ്വപ്നജീവികളായ മതവിശ്വാസികള്‍ എന്നെന്നും ഈ ലോകത്തിന് ഒരു ശാപം തന്നെയാണ്. ഊര്‍ജ്ജത്തിന്റെ കലവറകള്‍ ആണ് സര്‍പ്പക്കാവുകള്‍.,. അങ്ങിനെയുള്ള കാവുകള്‍ അടുത്തെങ്ങാനും ഉണ്ട് എങ്കില്‍ കുറച്ച് സമയം അതിനകത്ത് പോയിരുന്നു വിശ്രമിക്കുക; അവിടത്തെ പക്ഷികളുടെയും ചീവീടുകളുടെയും മറ്റു ജീവികളുടെയും ശബ്ദം ശ്രവിക്കുക; പ്രകൃതിയും ഞാനും ഒന്നെന്ന സത്യം അറിയാന്‍ ശ്രമിക്കുക. അപ്പോള്‍ അറിയുവാന്‍ കഴിയും എത്രമാത്രം ഊര്‍ജ്ജവും ഉന്മേഷവും, സാമീപ്യം കൊണ്ട് മാത്രം പ്രകൃതി നമുക്ക് നല്‍കുന്നു എന്ന്..
ബുദ്ധിശൂന്യനായ ഹേ മനുഷ്യാ... ഇനിയും നില നില്‍ക്കുന്ന സര്‍പ്പക്കാവുകള്‍ എങ്കിലും സംരക്ഷിക്കുക; അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും...! An Article By: Sudheesh NamaShivaya

Saturday, March 30, 2013

എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ? ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്. ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂര്‍ണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ‍ നരകത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തിയോ, സ്വര്‍ഗത്തിന്റെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്‍, ഹിരണ്യകശിപു, അന്ധ്ധകാസുരന്‍, ത്രിപുരാസുരന്‍, മുതലായ അസുരന്മാര്‍ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്തുവാന്‍‍ ആ മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല. ഇവിടെയാണ്‌ ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല. ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്‍‍ അല്ല, മറിച്ച്‌ സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങള്ക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച്‌ ചെകുത്താന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി‍ ഒതുങ്ങുന്നു. സമാധാനം, Peace, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വര്‍ഗ്ഗം, മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..! നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്‍ജ്ജുനന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും ലഭിക്കാന്‍ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...

Chenda Melam

Chenda Melam :-

Sandhya Deepam


1001Thengamuttu


ഹരിനാമകീര്‍ത്തനം വ്യാഖ്യാനം ശ്ലോകം



ശ്ലോകം - 12

നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ- 
ളിക്കും, ദിവാകരനുദിച്ചങ്ങുയര്‍ന്നിടവെ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്ക..!!! നിന്നടിമ നാരായണായ നമ: 

 മുന്‍പറഞ്ഞ ശ്ലോകത്തിലെപോലെ ആദ്യമായി സഗുണ തലത്തില്‍ ഈശ്വരോപാസന നടത്തിതുടങ്ങുന്ന സാധകന്‍ പിന്നീട് നിരാകര(നിര്‍ഗുണ) തലത്തിലേക്ക് ഗുരു കൃപയാല്‍ ഉയരും..അവിടെയാണ് ജീവാത്മ-പരമാത്മ ഐക്യം പൂര്‍ണ്ണമാകുന്നത്.നിരാകര(നിര്‍ഗുണ) ഉപാസനയെ ദൃഷ്ടാന്ത സഹിതം പ്രകീര്തിക്കുകയാണ് ഈ ശ്ലോകത്തില്‍...,.

  രാത്രി സമയത്ത് നക്ഷത്രങ്ങള്‍ ധാരാളമായി കാണപ്പെടുന്നു, ചന്ദ്രന്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു..ഉദയ സൂര്യന്‍റെ കിരണം വന്നു തുടങ്ങുംപോളേക്കും നക്ഷത്രങ്ങളും ചന്ദ്രനും മറഞ്ഞു തുടങ്ങും...സൂര്യന്‍ പൂര്‍ണ്ണമായി പ്രകാശിക്കുമ്പോള്‍ ചന്ദ്ര നക്ഷത്രാദികള്‍ പൂര്‍ണ്ണമായി മറയുന്നു..എങ്ങും സൂര്യപ്രാകാശം മാത്രമാകുന്നു...അജ്ഞാനത്തെ ദൂരികരിക്കുന്ന ജ്ഞാനത്തെ സൂര്യനോട് ഉപമിക്കുക എന്നത് വേദ കാലംതൊട്ടുള്ള രീതിയാണ്...അതേപോലെ ഗരുഡന്‍ പക്ഷിയാണെങ്കിലും ബാക്കിയെല്ലാ പക്ഷി വര്‍ഗ്ഗവും ഗരുഡനു താഴെയാണ് സ്ഥാനം..ഭഗവത്‌ പ്രാപ്തിക്കു വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അവയെക്കാളൊക്കെ നിരാകാരോപാസനയാണ് ശ്രേഷ്ഠം എന്ന് സ്ഥാപിക്കുന്നു ദൃഷ്ടാന്തതിലൂടെ.എന്തെന്നാല്‍ എല്ലാം ഉപാസനയും ആത്യന്തികമായി എത്തുന്നത്‌ നിരാകര തലത്തിലാണ്.അതിനാല്‍ ഏറ്റവും ശ്രേഷ്ഠം നിരാകര ഉപാസന തന്നെയാണ്..അവിടെയാണ് മഹാ വാക്യങ്ങളുടെ പൊരുള്‍ വ്യക്തമാകുന്നത്..അതിനാല്‍ ഭഗവാനെ അവിടുത്തെ നിരാകര തലത്തില്‍ ഉപാസിക്കുന്ന ഒരടിമയാണ് ഞാന്‍..ദയവു ചെയ്തു പ്രസാദിച്ചാലും ....

ശ്ലോകം - 13

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയില്‍ പലതു കണ്ടിട്ടുണര്ന്നവനൊ-
ടൊപ്പം ഗ്രഹിക്ക, ഹരി നാരായണായ നമ:    

  നിരാകര ഉപാസനകൊണ്ട് ലഭിക്കുന്ന അഖണ്ഡബോധത്തെ (ജീവാത്മ-പരമാത്മ ഐക്യം/സാക്ഷാത്കാരം) കുറിച്ച് വ്യക്തമാക്കുന്നു ഈ ശ്ലോകത്തില്‍..,.

  മത്പ്രാണന്‍(,(ജീവാത്മാവ്) പരന്‍ (പരമാത്മാവ്) ഒന്നെന്നു ഉറപ്പായവനു, ജീവാത്മ-പരമാത്മ ഐക്യം സാക്ഷത്കരിച്ചവന് തത്പ്രാണ ദേഹം, അജ്ഞാന ദിശയില്‍ ദേഹത്തില്‍ ഇരുന്നു അഹങ്കരിച്ച ഞാന്‍ എന്ന പ്രാണന്‍,പ്രാണന് ആശ്രയമായ ദേഹം,അതിന്‍റെ തൃപ്തിക്കായി കൂടെയുള്ള ഭാര്യ,ധനം എന്നുവേണ്ട ശരീരത്തില്‍ കൂടി അനുഭവിച്ച ബാഹ്യ പ്രപഞ്ചം ഉള്‍പടെ ശരീരം പോലും മിഥ്യയാണെന്നു /അനിത്യമാണെന്നറിയുന്നു. ഏതുപോലെയെന്നോ സ്വപ്നത്തില്‍ നമ്മള്‍ പലതും കാണുന്നു..സ്വപ്നം കാണുന്ന സമയം അത് സത്യമായി അനുഭവപ്പെടുന്നു.സ്വപ്നത്തില്‍ നിന്നുണര്‍ന്നാലോ  അതുവരെ കണ്ടെതെല്ലാം മിഥ്യയാണെന്നു ബോധ്യപ്പെടുന്നു..അതേപോലെ പരമാത്മസാക്ഷാത്കാരം നേടിക്കഴിയുംപോള്‍ ഈ പ്രപഞ്ചം തന്നെ മിഥ്യ എന്ന് ബോധിച്ചു പരാ ജാഗ്രതിലേക്ക് ഉണരുന്നു സാധകന്‍..,...അദ്വൈത ദര്‍ശനത്തെ ദൃഷ്ടാന്ത സഹിതം വ്യക്തമാക്കുന്നു ഇവിടെ..

Saturday, March 16, 2013

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ?

ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ? ഏവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍... ,,,!




 

നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.





മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?

ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.

1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും..
2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..
3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..
5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...

ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. 

ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്, അല്ലാതെ അവര്‍ക്ക് സ്വയം ആരാധിക്കുവാന്‍ വേണ്ടി ആയിരുന്നില്ല എന്നറിയുക. ശരീരത്തിന്റെ ഒരു പ്രതീകം തന്നെയാണ് ക്ഷേത്രം. ശരീരത്തില്‍ എപ്രകാരം ഈശ്വരന്‍ ആത്മാവായി കുടികൊള്ളുന്നുവോ; അതുപോലെ ക്ഷേത്രം എന്ന ദേവ ശരീരത്തില്‍ പ്രതിഷ്ഠയായി ഈശ്വര ചൈതന്യത്തെ ഭക്തന്മാരും ജ്ഞാനികളും സങ്കല്‍പ്പിച്ചു ദര്‍ശിക്കുന്നു.

ഇനിയും, ക്ഷേത്ര ദര്‍ശനത്തില്‍ നിങ്ങള്ക്ക് ഒട്ടും താല്പര്യമോ; നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് അതിനുള്ള സൗകര്യമോ ഇല്ല എങ്കില്‍, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ക്ഷേത്ര സമാനമായ ഒരു അന്തരീക്ഷം മുകളില്‍ വിവരിച്ചത് പോലെ സ്വന്തം ഗൃഹത്തില്‍ തന്നെ ഒരുക്കാവുന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ഗൃഹം തന്നെ അങ്ങേയറ്റം പരിശുദ്ധി ഉള്ളതായിത്തീരും. പക്ഷെ അതിനു വേണ്ടി മത്സ്യ മാംസാദികള്‍ മുതലായ നികൃഷ്ടമായ ആഹാരാദികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക തന്നെ വേണം. ഒരു കാരണവശാലും ഇവ വീട്ടില്‍ കയറ്റുവാന്‍ ഇടയാവരുത്. "മരിച്ച വീട്ടില്‍ പോയാല്‍ തിരിച്ച് സ്വന്തം വീട്ടില്‍ കയറും മുന്‍പേ കുളിക്കണം; അപ്പോള്‍ ശവം തിന്നാലോ ?" എന്നാണ് മാംസം കഴിച്ച് തന്നെ കാണാന്‍ വന്ന ഒരു ഭക്തനോട്‌ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ചോദിച്ചത്. പ്രാണവേദനയോടെ പിടഞ്ഞു വീണു മരിക്കുന്ന ജീവികളുടെ ശാപം, ആ മാംസം കഴിക്കുന്ന മനുഷ്യര്‍ക്ക്‌ ലഭിക്കുന്നു. ആ ശാപം പിന്നീട് അവരില്‍ മാറാ രോഗങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നു എന്നതിനാല്‍ മത്സ്യ മാംസാദികള്‍ ഏറ്റവും നികൃഷ്ടവും പാപദായകവുമാണ് എന്നറിയുക. ഇക്കാരണത്താലാണ് മത്സ്യ മാംസാദികള്‍ കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹവും ഐശ്വര്യവും നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍; ഗൃഹവും പരിസരവും ക്ഷേത്രത്തിനു സമാനം പരിശുദ്ധി ഉള്ളതായി സൂക്ഷിക്കുക...! അങ്ങിനെ ആയാല്‍ ഈശ്വര ചൈതന്യം ജീവിതത്തില്‍ സദാ അനുഭവിക്കാന്‍ സാധിക്കും.

ഇതിനെല്ലാം പുറമേ വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു, അതിനു ശാസ്ത്രീയമായ വാദഗതികളും നിരത്തുന്നു. അങ്ങിനെ വിശ്വസിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇഷ്ടമുള്ളത് പോലെ വിശ്വസിക്കുവാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്. പക്ഷെ അത് വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ വിശ്വസിക്കേണ്ട ആവശ്യവും ഇല്ല. അതാണ്‌ സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഒന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധവിശ്വാസി ആകുവാന്‍ സനാതന ധര്‍മ്മം ആരെയും പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യനെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട്, അവരെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് ക്ഷേത്രം, ദേവസ്ഥാനം മുതലായ പേരുകളില്‍ ഉണ്ടാകുന്നു എന്നതിനാല്‍, അങ്ങിനെയുള്ള സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറുന്നതാകും ഏവര്ക്കും നല്ലത്. പണം നല്കിയാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം എന്നൊക്കെപ്പറഞ്ഞ് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പരസ്യം നല്‍കുന്നവര്‍ മിക്കവാറും എല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെയാണ്. പണം വാങ്ങി നിങ്ങളുടെ കാര്യം സാധിപ്പിക്കാന്‍ ഈശ്വരന്‍ നിങ്ങളുടെ "വാടക ഗുണ്ട" അല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കുക. സനാതന ധര്‍മ്മത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാക്ഷസ ബുദ്ധികളായ ഇക്കൂട്ടരില്‍നിന്നും ഏതു വിധേനയും അകലം പാലിക്കുക.

മുകളില്‍ പറഞ്ഞതു പോലെ ആഗ്രഹ സഫലീകരണത്തിന് ഓരോരുത്തരും ജപിക്കേണ്ട മന്ത്രങ്ങളും, സ്തോത്രങ്ങളും, പാലിക്കേണ്ട ജീവിത ചര്യകളും ഉണ്ട്. അവയെല്ലാം പിന്തുടര്‍ന്നാല്‍ തന്നെ മതിയാകും. അതിനായി ജഗത്ഗുരു ശങ്കാരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ വിശ്വഗുരുക്കന്മാരുടെ കൃതികള്‍ വായിക്കുക, ശ്രീമദ് ഭഗവദ് ഗീത വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം ഇവയില്‍നിന്നു തന്നെ ലഭിക്കും. ഇവയെല്ലാം അറിഞ്ഞിരുന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യുവാന്‍ ഈ ലോകത്തില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. നിങ്ങളുടെ അറിവില്ലായ്മ ആണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നതിനാല്‍ അറിവ് നേടുക എന്നതാണ് മുക്തി ലഭിക്കുവാന്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം.

നിങ്ങള്‍ എന്തിനു ക്ഷേത്രത്തില്‍ പോകുന്നു; പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ ചോദിക്കുവാനും വാദിക്കുവാനും വരുന്ന അന്യമതസ്ഥരോട് ഉടനെ തിരിച്ചു ചോദിക്കുക; അവര്‍ എന്തുകൊണ്ട് ഏതോ ഒരു ദേശത്ത് കിടക്കുന്ന ആരാധനാലയത്തെ ലക്ഷ്യമാക്കി ദിവസവും പലതവണ തലകുത്തി നിന്ന് പ്രാര്‍ഥിക്കുന്നു ? അവിടെ പോകുന്നതും പ്രദക്ഷിണം ചെയ്യുന്നതും; കല്ലുകളില്‍ ചുംബിക്കുന്നതും പുണ്യമായി കരുതുന്നു ? രൂപങ്ങള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് വച്ച് മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നു ? ഇതൊക്കെ സ്വയം ചെയ്തിട്ട് എന്തിനീ വിഡ്ഢിച്ചോദ്യം മറ്റുള്ളവരോട് ചോദിക്കുന്നു ? നിങ്ങള്ക്ക് അവയെല്ലാം ഒരു പ്രതീകം ആണെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊരു പ്രതീകം ആണെന്നും; നിങ്ങളുടെതിനേക്കാള്‍ ഞങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെയധികം ശാസ്ത്രീയവും ശ്രേഷ്ഠവുമായ രീതിയാണെന്നും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ നിരത്തി വ്യക്തമായി പറഞ്ഞു കൊടുക്കുക. ഇങ്ങിനെ പറയേണ്ടി വരുന്നത് അന്യമതസ്ഥരെ നിന്ദിക്കുവാണോ കളിയാക്കുവാനോ അല്ല; മറിച്ച് ഇങ്ങനെ ചോദിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുള്ളതുകൊണ്ടും, "മതപരിവര്‍ത്തനം എന്ന കാളകൂടവിഷം" ഉള്ളില്‍ കൊണ്ട് നടക്കുന്ന "ആട്ടിന്‍ തോലിട്ട ചെന്നായകള്‍ " വിഹരിക്കുന്ന ഈ സമൂഹത്തില്‍ അവര്‍ക്ക് എങ്ങിനെ മറുപടി കൊടുക്കണം എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആയതുകൊണ്ടും മാത്രമാണ്. 

ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ
ഏതത് യോ വേത്തി തം പ്രാഹു: ക്ഷേത്രജ്ഞ ഇതി തദ്വിദ: || ശ്രീമദ് ഭഗവദ് ഗീത - 13-1
इदं शरीरं कौन्तेय क्षेत्रमित्यभिधीयते 
एतत् यो वेत्ति मां प्राहुः क्षेत्रज्ञ इति तद्विद: || श्रीमद भगवद गीता - १३-१ 

ഹേ കൌന്തേയാ, ഈ ശരീരം ക്ഷേത്രം എന്ന് പറയപ്പെടുന്നു. ആര് ഈ ക്ഷേത്രത്തെ അറിയുന്നുവോ, അവനെ ക്ഷേത്രജ്ഞന്‍ എന്ന് ക്ഷേത്രജ്ഞ വിവേകികള്‍ പറയുന്നു.