Friday, April 5, 2013

എവിടെ സ്വർഗം ? എവിടെ നരകം? എന്തിന് മതം? എന്തിന് വിശ്വാസം?

മനുഷ്യന്‍ അനാദികാലം മുതൽതന്നെ ജീവിതത്തെ പഠിച്ചു വരുന്നു. സുഖ-ദുഃഖങ്ങളെയും സന്ദോഷ-സന്ദാപങ്ങളെയും അവന്‍ വ്യക്തമായി അറിയുന്നു. സുഖത്തെ അവന്‍ ഇഷ്ടപ്പെടുകയും ദുഃഖത്തെ വെറുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കാലങ്ങളായി സുഖത്തെ പ്രാപിക്കാനും ദുഃഖത്തെ അകറ്റാനും അവന്‍ പരിശ്രമിച്ചു വരുന്നു.

ഈ പരിശ്രമത്തില്‍ സുഖം നൽകാം എന്നോ ദുഃഖം അകറ്റാം എന്നോ ആരെങ്കിലും പറഞ്ഞാലോ? അതും ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ ഒരുപാടുണ്ടാകും. ഇവിടെയാണ്‌ ബാഹ്യമായ സ്വർഗത്തിന്റെയും നരകതിന്റെയും സങ്കൽപം ആവിർഭവിക്കുന്നത്. ലോഭ മോഹങ്ങളാല്‍ കീഴ്പ്പെടുത്താന്‍ എളുപ്പം സാധിക്കുന്ന ജീവിയാണ് മനുഷ്യന്‍.... .അതും അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം നൽകിയാണെങ്കില്‍ കൂടുതല്‍ എളുപ്പമായി. സുഖ-സമൃദ്ധിയും ദുഃഖനാശവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സ്വർഗം എല്ലാവരും ആഗ്രഹിക്കുന്നു.

എന്നാല്‍ അവിടെ എല്ലാവരെയും പ്രവേശിപ്പിക്കുമോ? ഇല്ല താനും. അതിനു ചില കാര്യങ്ങള്‍ അനുസരിക്കണം. അതായത് ചിലരുടെ അടിമയാകണം. അത്ര തന്നെ. ഇതിനെയാണ് മതം എന്ന്‍ പറയുന്നത്. ഇത്തരം അടിമകള്‍ ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് മനുഷ്യന്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നരകത്തില്‍ ഫ്രൈ ചെയ്താലോ? വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ എവിടെയും കാണും. അതുകൊണ്ട് തന്നെ ഇതിനെ ഒന്ന്‍ എതിർത്ത് ചിന്തിക്കാന്‍ പോലും അത്തരത്തില്‍ ഉള്ളവര്‍ ഭയക്കുന്നു. നല്ല ഒത്ത അടിമ തന്നെയല്ലേ ഉണ്ടായിരിക്കുന്നത് ..!

ഇനി ദൈവത്തിന്റെ അടിമയായത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‍ പലരും പറയുന്നത് കേൾക്കാം ! അവരോട് ഒന്നേ പറയാനുള്ളൂ. സുഹൃത്തെ, ദൈവത്തിന്റെ അല്ല ദൈവത്തെ കാണിച്ചു തരാം എന്ന്‍ പറയുന്ന ഈ മതത്തിന്റെയും അതില്‍ ഉള്ള വിശ്വാസത്തിന്റെയും അടിമയാണ് നിങ്ങള്‍ - ചിന്തിക്കൂ!!

ഇനി അടിമയായാല്‍ എന്ത് ദോഷം എന്നും ചോദിക്കുന്നവര്‍ ഉണ്ട്. ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്ന്‍ തന്നെ ദോഷം. ബുദ്ധിപരമായും മാനസികമായും യുക്തിപരമായും ഉള്ള വളർച്ചയെ അത് തടുക്കുന്നു. ഉദാഹരണത്തിന് ഒരു മനോരോഗി താന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആർക്കും സാധ്യമല്ല. കാരണം അത് അയാളുടെ വിശ്വാസമാണ്. പക്ഷെ സത്യമല്ല. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഈ വിശ്വാസം കൊണ്ടാണ് അയാളെ മനോരോഗി എന്ന്‍ പറയുന്നത്. ഇതുകൊണ്ടാണ് വിശ്വാസത്തില്‍ മാത്രം അധിഷ്ടിതമായ മതങ്ങളെ മാനോരോഗ കേന്ദ്രങ്ങള്‍ എന്ന്‍ പറയുന്നത്.

വിശ്വാസി ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്‌ - "അയ്യോ, അത് തെറ്റാണ്. മനുഷ്യന് ദൈവത്തെ അറിയാന്‍ സാധിക്കില്ല. ദൈവത്തെ സ്വര്‍ഗത്തില്‍ മാത്രമേ അറിയാനാകൂ."

അവരോട് പറയാനുള്ളത് ഇതാണ് - സുഹൃത്തെ, ഇത് നിങ്ങളെ മതം പഠിപ്പിച്ച് വച്ചിരിക്കുന്നതാണ്. നിങ്ങൾക്ക് ഒന്നും കഴിയില്ല എന്ന്‍ ധരിപ്പിച്ചില്ലെങ്കില്‍ അവർക്ക് പിടിച്ച് നില്ക്കാന്‍ സാധിക്കില്ല. നിങ്ങളെ അടിമയാക്കാന്‍ സാധിക്കില്ല. ചിന്തിക്കുക! ഒരിക്കലെങ്കിലും സത്യത്തെ അറിയാന്‍ ആഗ്രഹിക്കുക, പ്രയത്നിക്കുക, എന്നിട്ട് തീരുമാനിക്കുക.
അപ്പോള്‍ വിശ്വാസം അല്ലാതെ ദൈവത്തെ അറിയാന്‍ മാർഗമൊന്നും ഇല്ലല്ലോ; എല്ലാ സംസ്കാരങ്ങളും വിശ്വാസത്തില്‍ അധിഷ്ടിതമല്ലെ എന്നാണെങ്കില്‍,..... അല്ല! പ്രപഞ്ചത്തിന്റെ പാരസ്പര്യത്തില്‍ ഉള്ള അറിവില്‍ അധിഷ്ടിതമാണ് സനാതന ധർമ്മം. ഈ വായിക്കുന്നത് മലയാളം ആണ് എന്ന്‍ ഞാന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. ഞാന്‍ മനുഷ്യനാണ് എന്ന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. അറിവിന്റെ മാർഗത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യം അറിവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. അതിന് മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ഒരു വിശ്വാസി ഇനി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമായിരിക്കും ഇത് - "ഈ ലോകം സുഖം-ദുഃഖം, സന്ദോഷം-സന്താപം, ജനനം-മരണം, പുണ്യം-പാപം എന്നിങ്ങനെ ഒട്ടനവടി വൈരുദ്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇതിന് അനന്തമായ ഒരു സ്വർഗവും നരകവും ഇല്ലാതെ എങ്ങിനെ നീതി ഉണ്ടാകും? ദുഃഖം, സന്താപം, മരണം, പാപം എന്നിവയൊന്നും ഇല്ലാത്ത ഒരു സ്വർഗം അനിവാര്യമല്ലേ?"

ഉത്തരം ഇതാണ് - ഇവ വൈരുദ്യങ്ങള്‍ ആണെന്നുള്ളത് തന്നെ തെറ്റാണ്. ദ്വന്ദ്വങ്ങളായ ഇവ പരസ്പര വൈരുധ്യങ്ങളല്ല, പരസ്പരപൂരകങ്ങളാണ്. ഒന്നുള്ളത് കൊണ്ട് മാത്രമാണ് മറ്റേത് ഉള്ളത്, മറ്റേതിനെ നാം അറിയുന്നത്. ദുഃഖം ഉള്ളത് കൊണ്ടാണ് അതില്ലാത്ത അവസ്ഥയെ സുഖം എന്ന്‍ തിരിച്ചറിയുന്നത്. ഓരോ പർവതത്തിനും ഒരു താഴ്വരയുണ്ട്. പർവതം ഉള്ളത് കൊണ്ടാണ് മറ്റേതിനെ താഴ്വാരം എന്ന്‍ പറയുന്നത്. അത് താഴ്വാരം ആണെങ്കില്‍ പർവതം ഉണ്ട് എന്ന്‍ അർഥം. മാത്രമല്ല സുഖ ദുഃഖങ്ങള്‍ പോലുള്ള ദ്വന്ദ്വങ്ങള്‍ മാറിക്കൊണ്ടിരിക്കും, താത്കാലികമാണ്. അത് കൊണ്ട് തന്നെ അവ രണ്ടും അല്ല സത്യം. സുഖം അനുഭവിച്ചത് കൊണ്ട് അതിനെ ഇഷ്ടപ്പെടുകയും ദുഖത്തെ വെറുക്കുകയും ചെയ്യുന്ന മനുഷ്യന്റെ മനസ്സിനെ പറ്റി പറഞ്ഞല്ലോ; ഇതേ മനസ്സില്‍ നിന്നുമാണ് ബാഹ്യമായ സ്വർഗം എന്ന സങ്കല്പം വന്നത് എന്ന്‍ ഈ ചോദ്യത്തില്‍ നിന്ന്‍ തന്നെ വ്യക്തമല്ലേ. എന്ന്‍ വച്ചാല്‍ ദുഃഖം, സന്താപം, മരണം, പാപം ഇത്യാദി മാത്രമല്ല, സുഖം, സന്ദോഷം, ജനനം, പുണ്യം ഇത്യാദിയും ഇല്ലാത്ത പരിപൂര്ണ്ണ സ്വാതന്ത്ര്യമാണ്, അനന്തമായ ആനന്ദമാണ് ലക്ഷ്യം - അതാണ്‌ മോക്ഷം. പ്രപഞ്ചത്തിലെ ഈ ദ്വന്ദ്വങ്ങളില്‍ ഉള്ള മനുഷ്യന്റെ മോഹം ആണ് ഇതില്‍ നിന്നും അവനെ പിൻവലിക്കുന്നത്.

വിശ്വാസിക്ക് ഇനിയും സംശയം കാണാം - സ്വർഗത്തിലെ സുഖങ്ങൾക്ക് വേണ്ടിയല്ലെങ്കില്‍ മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം പിന്നെയെന്താണ്? എന്തിന് നാം ജനിക്കുന്നു, ജീവിക്കുന്നു!?

ഈ ചോദ്യം ചോദിക്കാന്‍ നിങ്ങൾക്ക് സാധിച്ചെങ്കില്‍ അത് ശുഭസൂചകമാണ്. കാരണം നിങ്ങളുടെ ചോദ്യങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ കണ്ടെത്തേണ്ട ഉത്തരമാണ് അതാണ്‌ പ്രഥമ ലക്ഷ്യവും. ആ അറിവ് നിങ്ങൾക്ക് ലഭിച്ചാല്‍, അല്ലെങ്കില്‍ ലഭിക്കണം എന്ന സത്യസന്ധമായ ആഗ്രഹമെങ്കിലും വന്നാല്‍ നിങ്ങള്‍ ധന്യരായെന്ന്‍ കരുതാം.

ചട്ടക്കൂടുകളും അതിരുകളും പോളിച്ചെറിഞ്ഞ് നമുക്ക് മുന്നേറാം - പരമ സത്യത്തിലേക്ക് - മോക്ഷത്തിലെക്ക്! വിശ്വാസത്തിലൂടെയല്ല, അറിവിലൂടെ.

അടിമത്തം പോലും ദൈവ ദാനമാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. അനന്ത സ്വാതന്ത്ര്യത്തിലേക്ക് ഉള്ള മനുഷ്യന്റെ യാത്രയെ ഒന്നു വഴി തിരിക്കാൻ/തെറ്റിക്കാൻ മതങ്ങള്ക്ക് സാധിക്കുമായിരിക്കാം. പക്ഷെ എക്കാലവും മനുഷ്യനെ ഒരു കിണറ്റിന്റെ ഇട്ടാവട്ടത്ത് തളച്ചിടാൻ അവർക്ക് സാധിക്കില്ല. കാരണം എത്ര വളഞ്ഞൊഴുകിയാലും പല പാതയിൽ പല ദൂരം സഞ്ചരിച്ചാലും നദിയുടെ ലക്‌ഷ്യം കടലാണെങ്കിൽ അത് എത്തിയിരിക്കും.
by..
Vishnu Prakash Nangath

0 comments:

Post a Comment